രാഹുൽ ഗാന്ധി | Photo: PTI
അപകീർത്തിക്കേസിൽ രാഹുലിന് തിരിച്ചടി, അയോഗ്യത തുടരും
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നല്കിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി. കേസിൽ സൂറത്ത് ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്നും അയോഗ്യനാക്കിയിരുന്നു. ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തു നിന്നുള്ള അയോഗ്യത തുടരും.
സൂറത്ത് സെഷൻസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് ആർപി മൊഗേരയാണ് രാഹുലിനെതിരായ വിധി പ്രസ്താവിച്ചത്. 2019ൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശമാണ് രാഹുലിനെതിരായ കേസിലേയ്ക്കും അയോഗ്യതയിലേയ്ക്കും നയിച്ചത്. രാഹുലിന്റെ അപേക്ഷയിൽ ഈ മാസം 13ന് കോടതി ഇരുവിഭാഗത്തിന്റെയും വാദം കേട്ടിരുന്നു.
അപകീർത്തികേസ് ഇതുവരെ
സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരുകൾ മോദി എന്ന പരാമർശമാണ് കേസിന് ആധാരമായ സംഭവം. പരാമർശത്തിന് എതിരെ ബിജെപി നേതാവായ പൂർണേശ് മോദി നല്കിയ പരാതിയിൽ മാർച്ച് 23ന് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചു.
തുടർന്ന് മാർച്ച് 24ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്നും അയോഗ്യനാക്കി. എംപിയെന്ന നിലയിൽ നല്കപ്പെട്ട ഔദ്യോഗിക ബംഗ്ലാവ് ഏപ്രിൽ 22നകം ഒഴിയാൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനുള്ള നടപടികളും ആരംഭിച്ചു.
ഏപ്രിൽ 3ന് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. ശിക്ഷ സ്റ്റേ ചെയ്യാനും ജാമ്യം നീട്ടി നല്കാനും സമർപ്പിച്ച അപേക്ഷയിൽ സെഷൻസ് കോടതി ജാമ്യകാലാവധി നീട്ടി നൽകി. ഏപ്രിൽ 13ന് കോടതി ഇരു കക്ഷികളുടെയും വാദം കേട്ട് വിധി പറയുന്നത് ഏപ്രിൽ 20ലേയ്ക്ക് മാറ്റി.
കോലാർ റാലിയിലെ മോദി പരാമർശം
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത രാഹുലിന്റെ പരാമർശമാണ് വിവാദമാകുന്നത്. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണ് എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. ഇതിനേത്തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർമേഷ് മോദി നല്കിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.
രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തന്നെയും വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതാണെന്നും പൂർണേശ് മോദി കോടതിയിൽ പരാമർശിച്ചു. എന്നാൽ പ്രസംഗത്തെ ന്യായീകരിച്ച രാഹുലിന്റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. ചില ഭാഗങ്ങൾ അടർത്തി മാറ്റി തെറ്റിദ്ധാരണ പടർത്തുന്നു എന്നായിരുന്നു രാഹുൽ കോടതിയിൽ വാദിച്ചത്. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേസിന്റെ വിചാരണ നടപടികൾ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു, സ്റ്റേ നീക്കിയതിനെ തുടർന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ പുനഃരാരംഭിച്ചത്. അന്തിമ വാദത്തിനു ശേഷം ഐപിസി സെക്ഷൻ 504 പ്രകാരം രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എച്ച് എച്ച് വർമ രണ്ടുവർഷത്തെ തടവു ശിക്ഷ വിധിച്ചു. രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവിച്ചത്. 10,000 രൂപ കെട്ടിവെച്ച ഉടൻ തന്നെ രാഹുൽ ജാമ്യം നേടിയിരുന്നു.
അപകീർത്തി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി നിരസിച്ചുവെങ്കിലും അദ്ദേഹത്തിന് ഹൈക്കോടതിയെ സമീപിക്കുന്നതിന് തടസ്സമുണ്ടാവില്ല. സെഷൻസ് കോടതിയിൽ നിന്നും അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് നിയമപരമായ പോംവഴി. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ തന്നെ ഇടക്കാല സ്റ്റേക്കും ജാമ്യത്തിനും അപേക്ഷിക്കാവുന്നതാണ്. അതിനു പുറമെ ക്രിമിനൽ നടപടിക്രമത്തിലെ 389 വകുപ്പ് പ്രകാരം ശിക്ഷാവിധി താൽക്കാലികമായി മരവിപ്പിക്കുന്നതിനും അപേക്ഷിക്കാവുന്നതാണ്. കോടതി നടപടികൾ തുടരുന്നതിനൊപ്പം രാഷ്ട്രീയമായി വേട്ടയാടുന്നതിനെതിരെ പ്രചാരണം നടത്തുന്നതിനും കോൺഗ്രസ്സും രാഹുലും തയ്യാർ ആവുമെന്നും കരുതപ്പെടുന്നു. രാഹുലിന് എതിരെ ആക്രമണം ശക്തിപ്പെടുത്താനാവും കോടതി വിധി ബിജെപി ഉപയോഗപ്പെടുത്തുക.